Friday, December 14, 2012

ഒരു പെരുമഴക്കാല ഓര്‍മ്മകള്‍



ഒഴിവു ദിനങ്ങള്‍ നാട്ടില്‍ പ്രതേകിച്ചു ഒന്നും നല്‍കില്ല, നാട്ടിലുണ്ടാകുന്ന ദിവസങ്ങളില്‍ കാര്യമായി നടക്കുക കാലത്തെ ഉറക്കമാണ്, പക്ഷെ അത് എട്ടു മണിക്ക് മുകളില്‍ പോകാന്‍ സബീന സമ്മതിക്കില്ല. വീട്ടില്‍ ആരും പകല്‍ കൂടുതല്‍ ഉറങ്ങരുത് എന്ന് ഒരു നിയമം വനിതാ പര്ളിമെന്റ്റ്‌ പാസാക്കിയിട്ടുണ്ട്, ഉമ്മയുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും അവള്‍ നേടിയെടുക്കുന്നു എന്നതാണ് എന്നെ കുഴയ്ക്കുന്ന പ്രശ്നം. സ്നേഹം കൊണ്ട് അവര്‍ പരസ്പരം കീഴടക്കി. ഹസീനയ്ക്ക് പോലും ഇത്ര സ്നേഹം ഉമ്മ നല്‍കിയിട്ടുണ്ടോ എന്ന് സംശയം തോന്നും. മഴയുടെ നേര്‍ത്ത ശബ്ദത്തില്‍ പുതപ്പുമൂടി കിടക്കാന്‍ ഒരു സുഖം തന്നെ, പുറത്തു ചെറിയ കാറ്റും കൂടിയുണ്ട്. മഴയുടെ ആനന്തത്തില്‍ മുറ്റത്തെ ചെടികള്‍ ചാടിക്കളിക്കുന്ന പ്രതീതി, ബിലാലും ആമിനയും ഉറക്കത്തിലാണ്. ഏതു സമയത്തും ഞാന്‍ ഒരു യുദ്ധം പ്രതീക്ഷിക്കുന്നു, ഉമ്മയും മക്കളും തമ്മില്‍, ആ കരയുദ്ധതില്‍ ഞാനും ആക്രമിക്കപ്പെടും, പുറത്തു മഴയുടെ ശക്തി വര്‍ദ്ധിക്കുന്നു, ഈ കുട്ടികള്‍ക്ക് മഴ ഒരു വികാരവും ഉണ്ടാക്കുന്നില്ലേ, മഴക്കാലം എന്ത് ആനന്തമായിരുന്നു, സ്കൂള്‍ തുറക്കുമ്പോള്‍ മഴ നനയുക എന്നത് ഒരു വഴിപാടായിരുന്നു. പുതിയ ചെരുപ്പ്, കുട, എന്നിവ എല്ലാവര്ക്കും വാങ്ങണമെന്ന് ഉപ്പയ്ക്ക് നിര്‍ബന്ധമായിരുന്നു, മാന്‍ മാര്‍ക്ക്‌ കുടകളായിരുന്നു അന്നത്തെ മുഖ്യ ഉല്പന്നം, ശക്തമായ മഴ വന്നാല്‍ കുട കൊണ്ടെന്നും കാര്യമില്ല, സ്കൂള്‍ വിട്ടു വീട്ടിലെത്തിയാല്‍ പിന്നെ ഉമ്മയുടെ വകയൊരു തോര്തലുണ്ട്, മുടി പറിഞ്ഞു പോകുന്ന വേദന, പക്ഷെ ആ സ്നേഹത്തിനും കാരുണ്യത്തിനും മുമ്പില്‍ ആ വേദനകള്‍ അലിഞ്ഞു ഇല്ലാതാകും, ഉപ്പ നാട്ടിലുള്ളപ്പോള്‍ ഈ പണി ഉപ്പ ഏറ്റെടുക്കും, മഴ വെള്ളം ഒഴുകി പോകുന്നത് കാണാന്‍ വലിയ ചന്തമാണ്, കടലാസ് തോണികള്‍ എല്ലാവര്ക്കും ഉപ്പ ഉണ്ടാക്കിത്തരും, ഉമ്മ കാണരുതെന്നു ഉപ്പക്കു നിര്‍ബന്ധമാന്, കടലാസ് വഞ്ചി വെള്ളത്തിലിട്ടു ആരുടെ വഞ്ചി മുന്നിലെത്തുമെന്ന് വെല്ലിക്കയുമായി മല്‍സരമാണ്, എന്നും എന്റെ വഞ്ചി തന്നെ പിന്നില്‍, കുറച്ചു മഴ കൊള്ളുന്നത്‌ കൊണ്ട് ഉപ്പാക്ക് എതിര്‍പ്പില്ല, മഴയിലേക്ക് പോലും നോക്കെരുതെന്നാണ് ഉമ്മയുടെ കല്പന, ഉമ്മയുടെ ഉലുവ കഞ്ഞി മഴക്കാലതിന്റെ പ്രത്യേകതയാണ്, ഉപ്പയെകൊണ്ട് നിരബന്ധിപ്പിച്ചു കുടിപ്പിക്കുന്നതിന്റെ തല്‍സമയ പ്രക്ഷേപണം ഒന്ന് കാണേണ്ടത് തന്നെയാണ്. മുതിര മറ്റൊരു വിഭവം, പുല്കഞ്ഞി അയില കൂട്ടാന്‍ ചേര്‍ത്ത് കഴിക്കാന്‍ ഇന്നും കൊതിയാവുന്നു, ഉമ്മ ഇപ്പോഴും ആ ചര്യകള്‍ നിലനിര്‍ത്തുന്നു, മഴക്കാലം കനോലി കനാല്‍ നിറഞ്ഞു കവിയും, അത് ഒന്ന് കാണേണ്ട കാഴ്ച തന്നെ, പാടവും തോടും തൊടിയും എല്ലാം ഒരുപോലെ തോന്നും, ചെറായി സ്കൂളില്‍ പോകുമ്പോള്‍ രണ്ടു സ്ഥലത്ത് വെള്ളം കടന്നു വേണം പോകാന്‍, അരക്കെട്ടിനു മുകളില്‍ വെള്ളം നില്‍ക്കും മദ്രസയുടെ അവിടെയും രഖീബിന്റെ വീടിന്റെ അടുത്തും, രണ്ടു ദിവസം സ്കൂലില്‍ പോകേണ്ട, അതൊരു ചന്തം തന്നെ, ഇക്കൊല്ലവും വെള്ളം കയറും, പക്ഷെ അതിനു പഴയ ചന്തമില്ല, അഴി പൊട്ടുക എന്ന പ്രയോഗം ഞങ്ങള്‍ക്ക് സുപരിചിതമാണ്, പൊന്നാനിയില്‍ കടലും കനാലും ചേരുന്നിടത്ത് ചെറിയ ചാല്‍ ഉണ്ടാക്കി വെള്ളം കടലിലേക്ക്‌ ഒഴുക്കുന്നതിനെയാണ് അഴി പൊട്ടുക എന്ന് പറയുക, രണ്ടു ദിവസം കൊണ്ട് തന്നെ വെള്ളം എല്ലാം പോയിരിക്കും, കാറ്റിനു വീഴുന്ന മാങ്ങ പറക്കാന്‍ ഞങ്ങള്‍ മത്സരിക്കും, വലിയ തെങ്ങുകള്‍ ഇപ്പോള്‍ വീഴുമെന്നു തോന്നുന്ന കാറ്റ്, ഇടിയും മിന്നലും എനിക്ക് പേടിയാണ്, സബീന അക്കാര്യത്തില്‍ എന്നെക്കാള്‍ ദൈര്യവതിയാണ്, ഇടി വെട്ടി തുടങ്ങിയാല്‍ ഉപ്പ എല്ലാവരെയും വിളിച്ചു തുടങ്ങും, ഉമ്മയുടെ ഉറക്കെയുള്ള പ്രാര്‍ഥനകള്‍, തുലാം മാസത്തില്‍ ഇടി വെട്ടുന്നതിന്റെ ശാസ്ത്രം ഉമ്മാക്കറിയാം, പാമ്പിന്‍റെ മുട്ടകള്‍ കെട്ടുപോകാനാനു. പക്ഷെ അന്നത്തെ മഴക്കാലം ഇത്ര ക്രൂരമായിരുന്നില്ല, ഇന്ന് മഴക്ക് വല്ലാത്ത ഒരു പ്രതികാര ദാഹം, കാറ്റും ഇടിയും അങ്ങിനെ തന്നെ, ആരെയാണ് അവര്‍ പ്രതി സ്ഥാനത് കാണുന്നത്, ബിലാലിന്റെ സംശയം, നമ്മളെ തന്നെ, നാം പ്രകൃതിയോട് ചെയ്യുന്ന ക്രൂരത പിന്നെ എങ്ങിനെയാണ് പ്രതിഫലിക്കുക, കുഞ്ഞിപ്പയുടെ മുറ്റത്തു വലിയ കുളം ഉണ്ടായിരുന്നു, മഴക്കാലത്ത് വെള്ളം വീടിന്റെ കൊലായിലെക്കെത്തും, തവളകള്‍ ചിലപ്പോള്‍ കൊലായിലിരുന്നു ഒച്ചവെക്കും, പള്ളിക്കുളം അന്ന് ഞങ്ങളുടെ വലിയ അത്ഭുതമായിരുന്നു, വെള്ളം നിറഞ്ഞാല്‍ ഞങ്ങളില്‍ ഏറ്റവും വലിയ സാഹസികന്‍ പള്ളികുളം നീന്തി കടക്കുന്നവനാണ്, പള്ളിയിലെ വിദ്യാര്‍ത്ഥികള്‍ ചിലര്‍ നീന്താന്‍ മിടുക്കരായിരുന്നു, ജേഷ്ടന്‍ വളരെ അനായാസം നീന്തി ക്കടക്കും, ഇപ്പോള്‍ പള്ളിക്കുളം ഒരു പരിഗണിക്കപ്പെടുന്ന ഒന്നല്ല, ഇന്ന് എല്ലാം വീടിന്റെ അകത്തു തന്നെ ആയതിനാല്‍ കുളങ്ങള്‍ അന്യം നിന്ന് പോയ കലാപരിപടികളായി തീര്‍ന്നു, മുറി മരുന്ന് വില്‍ക്കാന്‍ പാലക്കാട്ട് നിന്നും ആളുകള്‍ എത്തുമായിരുന്നു, ഒരു കാലഘട്ടം മാറിയത് ഞാന്‍ അറിഞ്ഞില്ല, സബീനയുടെ കാലൊച്ച അടുത്ത് വരുന്നു, ബിലാലും ആമിനയും എന്നെ തലയണ ആക്കിരിക്കയാണ്, യാതൊരു എതിര്‍പ്പുമില്ലാതെ കുട്ടികള്‍ എഴുന്നേറ്റു, നല്ല പാതിയായ ഞാന്‍ പിന്നെ എങ്ങിനെ തടസ്സം പറയും, പുറത്തു മഴക്കാര്‍ കൂടി വരുന്നു, തണുത്ത കാറ്റ് ഉന്മേഷം നല്‍കി കടന്നു പോയി. കടലാസു വഞ്ചി ഉണ്ടാക്കാന്‍ എന്റെ കൂടെ ഉപ്പയില്ല, ഞാന്‍ അത് പറഞ്ഞാല്‍ അവസാനിക്കുക ഉമ്മയുടെ കന്നുനീരിലാവും, ഉപ്പയെ ഞാന്‍ ഉമ്മയുടെ മുമ്പില്‍ ഓര്‍ക്കാറില്ല, അവര്‍ക്ക് സ്നേഹിച്ചു കൊതി തീര്‍ന്നിട്ടില്ല, ബാക്കി സ്നേഹം സ്വര്‍ഗത്തിലേക്ക് മാറ്റിയതാകാം, എന്റെ മാതൃകാ ദമ്പതികള്‍ എന്റെ മാതാപിതാക്കള്‍ തന്നെ, മഴ കനക്കുകയാണ്, റോഡിലൂടെ കലങ്ങിവെള്ളം മുറ്റത്ത്‌ കെട്ടി നില്‍ക്കുന്നു, റോഡ്‌ ടാര്‍ ചെയ്യും എന്നത് ഇക്കൊല്ലം പുതിയ മെമ്പര്‍ നല്‍കിയ വാഗ്ദാനമാന്, ഒരു കടലാസു വഞ്ചി പോലും ഈ വെള്ളപ്പാച്ചിലില്‍ ഞാന്‍ കാണുന്നില്ല, അവരുടെ ലോകം ഈ ചെറിയ മുറിയില്‍ ഈ ചെറിയ സ്ക്രീനിനു മുമ്പില്‍ അവസാനിക്കുന്നു, മഴക്കാലം അവര്‍ക്ക് ശല്യമാണ്, അവരുടെ വിനോദം നഷ്ടപ്പെടുന്നു, ഇടയ്ക്കിടെ വൈദുതി നഷ്ടപ്പെടുമ്പോള്‍, കടലാസു വഞ്ചിയുമായി എന്റെ ഉപ്പ എന്നെ കാത്തിരികായാവും, ഉയര്‍ന്നു നില്‍ക്കുന്ന ആ മീസാന്‍ കല്ലുകള്‍ക്ക് കീഴെ, മനസ്സില്‍ നിറയെ സ്നേഹവുമായി

No comments:

Post a Comment